10:24am 11 November 2026
NEWS
പമ്പയിൽ ഇന്ന് ആ​ഗോള അയ്യപ്പ സം​ഗമം
20/09/2025  06:45 AM IST
nila
പമ്പയിൽ ഇന്ന് ആ​ഗോള അയ്യപ്പ സം​ഗമം

വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമിടെ ഇന്ന് ആ​ഗോള അയ്യപ്പ സം​ഗമം, പമ്പാ തീരത്തെ ത്രിവേണിയിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ ഇന്നു രാവിലെ ഒൻപതരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ആ​ഗോള അയ്യപ്പ സം​ഗമം ഉദ്ഘാടനം ചെയ്യും. കേരളത്തിനകത്തും പുറത്തുനിന്നുമായി 3,500 പ്രതിനിധികളാണ് ആ​ഗോള അയ്യപ്പ സം​ഗമത്തിനെത്തുക. അതേസമയം, യുഡിഎഫും ബിജെപിയും പന്തളം കൊട്ടാരവും പരിപാടിയിൽ നിന്നും വിട്ടുനിൽക്കും.

ഉദ്ഘാടന സമ്മേളനത്തിന് പിന്നാലെ ശബരിമല വികസന മാസ്റ്റർ പ്ലാൻ, ശബരിമല കേന്ദ്രീകരിച്ചുള്ള ആധ്യാത്മിക ടൂറിസം, തീർഥാടന തിരക്ക് നിയന്ത്രണം അടിസ്ഥാനമാക്കിയുള്ള ചർച്ചകൾ എന്നിവ നടക്കും. മാസ്റ്റർപ്ലാൻ ചർച്ച മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറും ആധ്യാത്മിക ടൂറിസം ചർച്ച പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.എ. നായരും തിരക്ക് നിയന്ത്രണത്തെക്കുറിച്ചുള്ള ചർച്ച റിട്ട. ഡിജിപി ജേക്കബ് പുന്നൂസും നയിക്കും. 38,500 ചതുരശ്ര അടി വിസ്തീർണമുള്ള പ്രധാനപന്തലിൽ 3000 പേർക്ക് ഇരിപ്പിടമൊരുക്കിയിട്ടുണ്ട്. മാസ്റ്റർപ്ലാൻ ചർച്ചനടക്കുന്നത് ഈ ജർമൻ പന്തലിലാണ്. പൂർണമായി ശീതികരിച്ചവിധത്തിലാണ് പന്തൽ. ഗ്രീൻ റൂം, മീഡിയ റൂം, വി.ഐ.പി. ലോഞ്ച് എന്നിവയും ഉണ്ട്. ഈ പന്തലിന്റെ പിന്നിലായിട്ടാണ് വിഐപികൾക്കുള്ള ഭക്ഷണത്തിനുള്ള പന്തൽ.

ഹിൽടോപ്പിലെ പന്തലിലാണ് തിരക്ക് നിയന്ത്രണത്തെക്കുറിച്ചുള്ള ചർച്ച നടക്കുക. ഇവിടെയാണ് പ്രതിനിധികൾക്കുള്ള ഭക്ഷണവും ഒരുക്കിയിരിക്കുന്നത്. പഴയിടം മോഹനൻ നമ്പൂതിരിയാണ് 5000 പേർക്കുള്ള ഭക്ഷണം തയ്യാറാക്കുന്നത്. ആധ്യാത്മിക ടൂറിസത്തെക്കുറിച്ചുള്ള ചർച്ചനടക്കുന്നത് പമ്പ സർക്കാർ ആശുപത്രിക്ക് എതിർവശത്തുള്ള ശ്രീരാമസാകേതം ഓഡിറ്റോറിയത്തിലാണ്. രാവിലെ ആറുമുതൽ രജിസ്‌ട്രേഷൻ നടക്കും.

രജിസ്റ്റർചെയ്തവർക്ക്‌ പാസ് മുഖേനയാണ് പ്രവേശനം. കേരളത്തിൽ നിന്നുള്ള പ്രതിനിധികൾക്ക് പുറമേ 15 വിദേശരാജ്യങ്ങളിൽനിന്നുള്ളവരും സംഗമത്തിൽ പങ്കെടുക്കുന്നുണ്ട്. കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, അശ്വിനി വൈഷ്ണവ്, സുരേഷ് ഗോപി, ജോർജ് കുര്യൻ എന്നിവരെ സംസ്ഥാന സർക്കാർ ആ​ഗോള അയ്യപ്പ സം​ഗമത്തിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ, ഇവരാരും തന്നെ ഇന്നത്തെ പരിപാടിയിൽ പങ്കെടുക്കുന്നില്ല ആന്റോ ആന്റണി എംപിയും പ്രതികരിച്ചില്ല. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img